വെളിയംകോട് ചെമ്മീൻ ഹാച്ചറിയിൽ വിവിധ പദ്ധതികൾ മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ ഉൾനാടൻ മത്സ്യകൃഷിയും ഉദ്പാദനവും വർധിക്കുന്നതിനുള്ള സമഗ്ര പദ്ധതികളുടെ ഭാഗമായി മത്സ്യഫെഡ് വെളിയംകോട് ചെമ്മീൻ വിത്തുദ്പാദന കേന്ദ്രത്തിൽ സജ്ജമാക്കിയ ലൈവ് ഫിഷ് വെൻഡിങ് സെന്റർ, റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ബയോഫ്ലോക്ക് യൂണിറ്റുകൾ എന്നിവയുടെ ഉദ്ഘാടനം ഫിഷറീസ്- ഹാർബർ എൻജിനീയറിങ്- സാമൂഹ്യ നീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു. ഇതോടൊപ്പം പ്രധാനമന്ത്രി മത്സ്യസമ്പദ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവിൽ പൊന്നാനി ഹാർബറിൽ നിർമ്മിച്ച അഞ്ച് ടൺ ശേഷിയുള്ള കോൾഡ് സ്റ്റോറേജിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. സംസ്ഥാനത്ത് വരും വർഷങ്ങളിൽ ഉൾനാടൻ ജലാശയങ്ങളിലും മറ്റ് അനുയോജ്യമായ കേന്ദ്രങ്ങളിലും നൂതന കൃഷിരീതികളിലൂടെ മത്സ്യ ഉദ്പാദനം പരമാവധി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ.പി. നൗഷാദ് അലി എം.എൽ.എ അധ്യക്ഷത വഹിച്ചു.
പോണ്ടുകളിൽ വളർത്തുന്ന വരാൽ, തിലാപ്പിയ തുടങ്ങിയ വിഷരഹിത മത്സ്യങ്ങളെ ഉപഭോക്താക്കൾക്ക് തത്സമയം ജീവനോടെ ലഭ്യമാക്കാൻ ലൈവ് ഫിഷ് വെൻഡിങ് കയോസ്കിലൂടെ സാധിക്കും. കുറഞ്ഞ അളവിൽ വെള്ളം ഉപയോഗിച്ച് ആറു മാസത്തിനുള്ളിൽ വിളവെടുക്കാവുന്ന ആധുനിക സാങ്കേതികവിദ്യയാണ് ആർ.എ.എസ്., ബയോഫ്ലോക്ക് യൂണിറ്റുകളിൽ ഒരുക്കിയിരിക്കുന്നത്. വർഷത്തിൽ 10 ടണ്ണോളം മത്സ്യ ഉദ്പാദനമാണ് കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.
മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ, മത്സ്യഫെഡ് ഭരണസമിതി അംഗം പി.പി. സൈതലവി, വാർഡ് കൗൺസിലർമാരായ അഷറഫ്.ടി.കെ, യു. മുനീബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റഹ്മത്ത്, കെ.കെ. ബീരാൻകുട്ടി, ഫൗസിയ വടക്കേപുറത്ത്, ഫിഷറീസ് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments