വെളിയംകോട് പഞ്ചായത്തിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കാൻ എൽഡിഎഫ്; ഒക്ടോബർ 21 ന് പഞ്ചായത്തിലേക്ക് ജനകീയ മാർച്ച്
വെളിയംകോട് യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും വികസന മുരടിപ്പും കാരണം വെളിയംകോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ പരാജയത്തിലേക്ക് കൂപ്പുകുത്തിയെന്ന് ആരോപിച്ച് എൽഡിഎഫ് ജനകീയ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഭവനരഹിതരെ വഞ്ചിച്ചു, ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചു, വികസന ഫണ്ട് വിനിയോഗിക്കുന്നതിൽ പരാജയപ്പെട്ടു തുടങ്ങിയ നിരവധി വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രക്ഷോഭം. ഇതിൻ്റെ ഭാഗമായി ഒക്ടോബർ 21-ന് പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചു. ലൈഫ് ഭവന പദ്ധതി നടത്തിപ്പിൽ വെളിയംകോട് പഞ്ചായത്ത് ഭരണസമിതി ഗുരുതരമായ വീഴ്ച വരുത്തിയതായും പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട 4-ാം വാർഡിലെയും 5-ാം വാർഡിലെയും അർഹരായ കുടുംബങ്ങൾ ആവശ്യമായ രേഖകൾ പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ഹാജരാക്കിയിട്ടും ഇവരെ ലിസ്റ്റിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് വെട്ടിമാറ്റിയതായും. ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ട കുടുംബങ്ങൾ മുഖ്യമന്ത്രിക്ക് ഉൾപ്പെടെയുള്ളവർക്ക് ഇതിനോടകം പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ 16 വർഷമായി യുഡിഎഫ് ഭരണ സമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. ഈ കാലയളവിൽ പ്ലാൻ ഫണ്ട് പോലും കാര്യക്ഷമമായി വിനിയോഗിക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. പഞ്ചായത്തിന് കൈമാറി കിട്ടിയ കുടുംബാരോഗ്യ കേന്ദ്രം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെല്ലാം കെടുകാര്യസ്ഥത കാരണം ജനങ്ങൾക്ക് ഉപകാരമില്ലാത്ത അവസ്ഥയിലായി. പൊതുശ്മശാനം കാടുകയറി നശിച്ചു. സാധാരണ ജനങ്ങൾ ഇപ്പോഴും പൊന്നാനിയിലെ ശ്മശാനത്തെയാണ് ആശ്രയിക്കുന്നത്. പഞ്ചായത്തിലെ റോഡുകൾ തകർന്ന് തരിപ്പണമായി. പലയിടത്തും തെരുവ് വിളക്കുകൾ കണ്ണടച്ച് കിടക്കുന്നു. ജലജീവൻ മിഷൻ്റെ ഭാഗമായി റോഡിൽ നിന്നെടുത്ത മണ്ണ് സ്വകാര്യ വ്യക്തികൾക്ക് മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് പഞ്ചായത്തിനെതിരെ പരാതി നിലനിൽക്കുന്നുണ്ട്. ഭിന്നശേഷി കലോത്സവം, നോമ്പുതുറ തുടങ്ങിയ പരിപാടികൾക്കായി ലക്ഷക്കണക്കിന് രൂപ പുറത്തുനിന്ന് പിരിച്ചെങ്കിലും ഇതിന്റെ കണക്ക് പഞ്ചായത്ത് ബോർഡ് യോഗത്തിൽ അവതരിപ്പിക്കാൻ പ്രസിഡന്റിന് കഴിഞ്ഞില്ല. ഭരണസമിതിയുടെ ധിക്കാരപരമായ പെരുമാറ്റം കാരണം ഉദ്യോഗസ്ഥർ പഞ്ചായത്തിൽ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, ട്രാൻസ്ഫർ കിട്ടിയവർ വരാൻ മടിക്കുകയും വന്നവർ മാറാൻ ശ്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളതെന്നും എൽഡിഎഫ് ചൂണ്ടിക്കാട്ടി. യുഡിഎഫ് ഭരണസമിതിക്കെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാനാണ് എൽഡിഎഫ് തീരുമാനം. ഇതിൻ്റെ ഭാഗമായി ഒക്ടോബർ 21 ന് പഞ്ചായത്തിലേക്ക് നടത്തുന്ന ജനകീയ മാർച്ചിന്റെ വിപുലമായ പ്രചാരണത്തിനും ജനകീയ അവബോധം ഉയർത്തുന്നതിനുമായി ഒക്ടോബർ 17, 18 തീയതികളിൽ പഞ്ചായത്തിൽ പ്രചാരണ ജാഥയും നടത്തുമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സിപിഎം പൊന്നാന്നി ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേഷ് കാക്കനാത്ത്, ഹുസൈൻ പാടത്തകായിൽ, സി.പി.എം വെളിയങ്കോട് ലോക്കൽ സെക്രട്ടറി പി.എം. ആറ്റുണ്ണിതങ്ങൾ, സിപിഐ വെളിയങ്കോട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി.കെ. ഫസലുറഹ്‌മാൻ, എരമംഗലം ലോക്കൽ സെക്രട്ടറി പി. അജയൻ, എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments