രക്തബന്ധത്തേക്കാൾ വലിയ ഹൃദയബന്ധം; മാതൃകയായി ഷാഹിദയും ബൽക്കീസും
സൗഹൃദമെന്നാൽ വെറും വാക്കല്ലെന്നും അത് പരസ്പര വിശ്വാസത്തിന്റെ ആഴമാണെന്നും തെളിയിക്കുകയാണ് മാറഞ്ചേരി സ്വദേശിയായ ബൽക്കീസ് നസീറും തൃത്താല സ്വദേശിയായ ഷാഹിദ വാഹിദും. പത്തു വർഷത്തോളമായി തുടരുന്ന ഇവരുടെ ആത്മബന്ധം കേവലം സൗഹൃദത്തിനപ്പുറം ഒരു വലിയ പാഠമായി മാറിയിരിക്കുകയാണ്.
2016-ൽ ഒരേ സ്കൂളിലെ അധ്യാപികമാരായി ജോലി ചെയ്യുമ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നത്. സഹപ്രവർത്തകർ എന്ന നിലയിൽ തുടങ്ങിയ ആ പരിചയം വളരെ വേഗത്തിലാണ് ആത്മബന്ധമായി മാറിയത്. 2017-ൽ ബൽക്കീസ് മോണ്ടിസ്സോറി ഹെഡ് ആയി മറ്റൊരു സ്കൂളിലേക്ക് മാറിയെങ്കിലും ഇവരുടെ സൗഹൃദത്തിന് ഒട്ടും കുറവുണ്ടായില്ല.തങ്ങളുടെ അധ്യാപന പരിചയം മറ്റുള്ളവർക്ക് ഉപകാരപ്പെടണമെന്ന ആഗ്രഹത്തിൽ 2020-ലാണ് ഇരുവരും ചേർന്ന് മാറഞ്ചേരിയിൽ 'എര്യുഡയർ ടീച്ച് ഹെർ ട്രെയിനിങ് ഫൗണ്ടേഷൻ (Erudire Teach Her Training Foundation) എന്ന സ്ഥാപനത്തിന് തുടക്കമിടുന്നത്. ഒരു ബിസിനസ്സ് എന്നതിലുപരി തങ്ങളുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമായിരുന്നു ഇവർക്ക് ഈ സ്ഥാപനം.
സൗഹൃദത്തിന്റെ ചരിത്രത്തിൽ അപൂർവ്വമായ ഒന്നാണ് 2021-ൽ നടന്നത്. വ്യക്തിപരമായ ചില സാഹചര്യങ്ങളാൽ ഷാഹിദ വാഹിദ് തന്റെ ഉടമസ്ഥതയിലുള്ള ഭൂമി യാതൊരു നിബന്ധനകളുമില്ലാതെ ബൽക്കീസ് നസീറിന്റെ പേരിൽ രജിസ്റ്റർ ചെയ്തു നൽകി. പണത്തേക്കാളും സ്വത്തിനേക്കാളും താൻ തന്റെ സുഹൃത്തിനെ വിശ്വസിക്കുന്നു എന്നതിന്റെ സാക്ഷ്യപത്രമായിരുന്നു ആ തീരുമാനം.
അഞ്ച് വർഷങ്ങൾക്ക് ശേഷം, 2026 ഫെബ്രുവരി 17-ന് ഷാഹിദയുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടപ്പോൾ, ബൽക്കീസ് ആ ഭൂമി തിരികെ രജിസ്റ്റർ ചെയ്തു നൽകി മാതൃകയായി.
തന്റെ ജീവിതത്തിലെ പ്രതിസന്ധികളെ ധീരമായി നേരിട്ട വ്യക്തി കൂടിയാണ് ബൽക്കീസ് നസീർ. 21 വർഷം മുൻപ് ഒരു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ, ചെറിയ കുഞ്ഞുങ്ങളുമായി 10 വർഷത്തോളം ശുശ്രൂഷിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ബൽക്കീസിന്റെ പോരാട്ടവീര്യം സമൂഹത്തിലെ എല്ലാ സ്ത്രീകൾക്കും വലിയ പ്രചോദനമാണ്. കാലം മാറിയാലും സാഹചര്യങ്ങൾ മാറിയാലും തങ്ങളുടെ ഈ ആത്മബന്ധം എന്നും ഇതേപോലെ നിലനിൽക്കണമെന്ന പ്രാർത്ഥനയിലാണ് ഈ സുഹൃത്തുക്കൾ.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments