പൊന്നാനി കള്‍ചറല്‍ ഫെസ്റ്റിവല്‍ 2025 - ത്രിദിന സാംസ്‌കാരികോത്സവം സെപ്റ്റംബര്‍ 27, ഒക്ടോബര്‍ 4, 5 തീയതികളില്‍
പൊന്നാനിയുടെ രാഷ്ട്രീയ-സാമൂഹ്യ- സാംസ്‌കാരിക പെരുമ വിളിച്ചോതുന്ന പൊന്നാനി കള്‍ച്ചറല്‍ ഫെസ്റ്റ് 2025ന് സെപ്റ്റംബര്‍ 27 (ശനിയാഴ്ച) എരമംഗലത്ത് തുടക്കം കുറിക്കുമെന്ന് പൊന്നാനിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പി. നന്ദകുമാര്‍ എം.എല്‍.എ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ 27, ഒക്ടോബര്‍ നാല്, അഞ്ച് ദിവസങ്ങളിലായാണ് ഫെസ്റ്റ് നടക്കുന്നത്. എരമംഗലം കൂടാതെ പൊന്നാനി, ചങ്ങരംകുളം എന്നിവിടങ്ങളിലും ത്രിദിന സാംസ്‌കാരികോത്സവം നടക്കും. പൊന്നാനിയുടെ സാംസ്‌കാരിക ജീവിതം കരുപിടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കൊളാടി ബാലകൃഷ്ണന്‍ എന്ന കൊളാടി ഉണ്ണി, ഇ.കെ. ഇമ്പിച്ചിബാവ, പി. ചിത്രന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ സ്മരണാര്‍ത്ഥം കൂടിയാണ് സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 27ന് (ശനി) എരമംഗലം കോതമുക്ക് പി.വി. റീജന്‍സി ഓഡിറ്റോറിയത്തില്‍ വൈകീട്ട് മൂന്നിന് വന്നേരിയുടെ വെളിച്ചം' എന്ന പേരില്‍ കൊളാടി ബാലകൃഷ്ണന്‍ അനുസ്മരണം നടക്കും. പരിപാടി റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍, ചരിത്രകാരന്‍ കെ. എന്‍. ഗണേശ് എന്നിവര്‍ പങ്കെടുക്കും. 'വന്നേരിയുടെ വെളിച്ചം' കൊളാടി ബാലകൃഷ്ണന്‍ ഓര്‍മ പുസ്തകം പ്രകാശനം ചെയ്യും. 'മുമ്പെ നടന്ന കലാപകാരി ' ഡോക്യുമെന്ററി പ്രദര്‍ശനവും 'പാട്ട ബാക്കി ' നാടകവും അരങ്ങേറും.
ഒക്ടോബര്‍ നാലിന് പൊന്നാനി എ.വി. ഹൈസ്‌കൂളില്‍ 'പൊന്നാനിയുടെ സമരവഴികള്‍' എന്ന പേരില്‍ നടക്കുന്ന ഇ. കെ. ഇമ്പിച്ചിബാവ അനുസ്മരണം കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. പി.പി. സുനീര്‍ എം.പി വിശിഷ്ടാതിഥിയാകും. 'പൊന്നാനി കടലും കാലവും ' എന്ന വിഷയത്തില്‍ പ്രൊഫ. പി.പി. അബ്ദുള്‍ റസാഖും 'ഇ.കെ. ഇമ്പിച്ചി ബാവയും പൊന്നാനിയും ' എന്ന വിഷയത്തില്‍ പ്രൊഫ. എം.എം. നാരായണനും സംസാരിക്കും. 'എം.ടി. - എഴുത്തിന്റെ ആത്മാവ് ' എന്ന നാടകവും ഗാനസദസും നടക്കും. ഒക്ടോബര്‍ അഞ്ചിന് മൂക്കുതല ഗവ. ഹൈസ്‌കൂളില്‍ 'സ്മരണകളുടെ പൂമുഖം ' എന്ന പേരില്‍ നടക്കുന്ന പി. ചിത്രന്‍ നമ്പൂതിരിപ്പാട് അനുസ്മരണവും സാംസ്‌കാരിക സദസ്സും കലാപരിപാടികളും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. തൃശ്ശൂര്‍ എം.എല്‍.എ പി. ബാലചന്ദ്രന്‍ മുഖ്യാതിഥിയാകും. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.
പൊന്നാനി പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, പൊന്നാനി നഗരസഭ മുന്‍ ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments