ഗസ്സ സിറ്റിയിലെ അസോസിയേറ്റഡ് പ്രസ്, അല്‍ജസീറ ഉള്‍പ്പെടെ മാധ്യമ സ്ഥാപനങ്ങളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന അല്‍ ജലാ ടവര്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ വ്യോമാക്രമണം നടത്തി തകര്‍ത്തിരുന്നു. ആക്രമണത്തിന്‍റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെങ്കിലും സംഭവം ഓര്‍ത്തെടുക്കുകയാണ് അസോസിയേറ്റഡ് പ്രസിലെ മാധ്യമപ്രവര്‍ത്തകന്‍ ഫാരിസ് അക്രം.
ഫാരിസ് അക്രമിന്‍റെ വാക്കുകള്‍
ഉറക്കത്തിലായിരുന്ന എന്നെ സഹപ്രവര്‍ത്തകനാണ് വിളിച്ച് എഴുന്നേല്‍പ്പിക്കുന്നത്. എന്താണ് സംഭവിക്കുന്നത്? ഗസ്സ തെരുവില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയോ, അതോ ഗുരുതര സംഭവം വല്ലതും ഉണ്ടായോ? പെട്ടെന്ന് ഒന്നും മനസിലായില്ല. സമയം, രാത്രി 1.55 ആയിരുന്നു. അസോസിയേറ്റ് പ്രസ് പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടത്തിന്‍റെ മുകള്‍ നിലയിലാണ് ഞാനുറങ്ങിയത്. ഇസ്രായേല്‍ ആക്രമണം തുടങ്ങിയതു മുതല്‍ ഓഫീസില്‍ തന്നെ ഉറങ്ങാറാണ് പതിവ്.ഞാന്‍ വേഗം താഴേക്കിറങ്ങി, എന്‍റെ സഹപ്രവര്‍ത്തകര്‍ ഹെല്‍മെറ്റും മറ്റു സുരക്ഷിത കവചവും ധരിക്കുകയായിരുന്നു. വേഗം കെട്ടിടം ഒഴിയണം -അവര്‍ വിളിച്ചു പറഞ്ഞു.
ഈ കെട്ടിടം ഇസ്രായേല്‍ തകര്‍ക്കാന്‍ പോകുകയാണ്. അവര്‍ താക്കീത് നല്‍കിക്കഴിഞ്ഞു. 10 മിനിട്ട് മാത്രമാണ് മുമ്ബിലുള്ളത്. എന്തൊക്കെയാണ് എടുക്കാനുള്ളത്. ലാപ്ടോപ് എടുത്തു. ഇനി എന്തെടുക്കും?. വര്‍ഷങ്ങളായി ഇരുന്ന് ജോലി ചെയ്യുന്ന ആ സ്ഥലത്തേക്ക് നോക്കി. സുഹൃത്തുക്കളും മറ്റും നല്‍കിയ സമ്മാനങ്ങളെല്ലാം അവിടെയുണ്ട്. കുടുംബത്തിന്‍റെ ചിത്രമുള്ള തളികയും മകള്‍ സമ്മാനിച്ച ചായക്കപ്പും മാധ്യമപ്രവര്‍ത്തകനായി അഞ്ചു വര്‍ഷം പൂര്‍ത്തിയായതിന്‍റെ സര്‍ട്ടിഫിക്കറ്റും മാത്രം എടുത്തു. ഒന്ന് മുന്നോട്ട് നടന്ന് പിന്തിരിഞ്ഞ് നോക്കി, അതെന്‍റെ രണ്ടാം വീടായിരുന്നു. അപ്പോള്‍ സമയം രണ്ടു മണി, ചുറ്റും നോക്കി ആരുമില്ല, ഒഴിയുന്ന അവസാന ആള്‍ ഞാനാണ്. ഹെല്‍മെറ്റ് ധരിച്ച് ഞാന്‍ ഓടി.
പതിനൊന്ന് നില താഴേക്ക് ഓടി. താഴേ പാര്‍ക്കിങ്ങില്‍ എന്‍റെ കാര്‍ മാത്രം. കാറിന്‍റെ പുറകിലേക്ക് സധനങ്ങള്‍ വലിച്ചെറിഞ്ഞ് ഡ്രൈവ് ചെയ്ത് പുറത്തെത്തി. കാര്‍ പാര്‍ക്ക് ചെയ്ത് സഹപ്രവര്‍ത്തകരുടെ അടുത്തേക്ക് പോയി. എല്ലാവരും കാത്തിരിക്കുകയാണ്. എന്ത് സംഭവിക്കും?
കെട്ടിടം തകര്‍ക്കാന്‍ പോകുകയാണെന്ന് ഇസ്രായേല്‍ സൈന്യമാണ് കെട്ടിട ഉടമയോട് വിളിച്ച് പറഞ്ഞത്. ആളുകളെ ഒഴിപ്പിക്കാന്‍ കുറച്ച് സമയം നല്‍കണമെന്ന് അയാള്‍ കെഞ്ചിയെങ്കിലും 10 മിനിട്ട് മാത്രമേ നല്‍കാനുള്ളൂ, അതിനുള്ളില്‍ നിങ്ങള്‍ക്ക് ഒഴിപ്പിക്കാമെന്നായിരുന്നു മറുപടി.
400 മീറ്റര്‍ അകലെ ഞാനും സഹപ്രവര്‍ത്തകരും കെട്ടിടം നോക്കി നിന്നു. ഒന്നും സംഭവിക്കാതിരുന്നെങ്കില്‍, ഞാന്‍ പ്രാര്‍ഥിച്ചു. കെട്ടിടത്തിന്‍റെ മുകള്‍ നിലയിലുണ്ടായിരുന്ന കുടുംബങ്ങളെല്ലാം എന്ത് ചെയ്തിട്ടുണ്ടാകുമെന്ന് ആലോചിച്ചു. സഹപ്രവര്‍ത്തകരെല്ലാം കാത്തിരിക്കുകയാണ്. ചിലര്‍ വിഡിയോ ഷൂട്ട് ചെയ്യാന്‍ തയാറായാണ് നില്‍ക്കുന്നത്. 8 മിനിട്ടിനുള്ളില്‍ മൂന്നു ശക്തമായ വ്യോമാക്രമണത്തോടെ കെട്ടിടം തകര്‍ന്നു. എല്ലായിടത്തും പുകയും പൊടിയും നിറഞ്ഞു. പലര്‍ക്കും വീടും ഒഫീസുമായി നിന്ന ആ കെട്ടിടം നിമിഷനേരം കൊണ്ട് ഇല്ലാതായി. കീശയിലുണ്ടായിരുന്ന ഇപ്പോള്‍ ഭൂമിയില്‍ ഇല്ലാത്ത എന്‍റെ റൂമിന്‍റെ ആ ചാവിയെടുത്ത് ദൂരേക്ക് എറിഞ്ഞു.
400 മീറ്ററുകള്‍ക്ക് അകലെ എല്ലാം നോക്കി ഇരിക്കാനെ കഴിഞ്ഞുള്ളു. അതൊരു ഭയാനക രംഗം തന്നെ ആയിരുന്നു. ദുഃഖമുണ്ടായിരുന്നു, എന്നാല്‍ സുരക്ഷിതനായതിന്‍റെ കൃതജ്ഞതയും. നിസഹായനായി നോക്കിനില്‍ക്കുന്നതല്ല, മാധ്യമപ്രവര്‍ത്തകനായ എന്‍റെ ജോലിയെന്നും മറ്റുള്ളവരുടെ ശബ്ദത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കണ്ടതെന്നും ഓര്‍മവന്നു. പൊരുതുന്ന കുറേയേറെ ആള്‍ക്കാരെ കുറിച്ച് എനിക്കിനിയും പറയാനുണ്ട്. ദുഃസ്വപ്നത്തില്‍ നിന്നും എഴുന്നേറ്റു.
ഇപ്പോള്‍ ഞാന്‍ വീട്ടില്‍ കുടുംബത്തോടൊപ്പമാണ്. വീണ്ടും വാര്‍ത്തകള്‍ നല്‍കുകയാണ്. സുരക്ഷിതനാണ്. എന്നാല്‍, ഗസ്സയില്‍ എങ്ങിനെ സുരക്ഷിതനായിരിക്കാനാവും അല്ലെ...?
0 Comments