മലപ്പുറം ടൗണില്‍ മാരക മയക്കു മരുന്നുകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍.
മലപ്പുറം പൈത്തിനിപറമ്ബ് സ്വദേശി സല്‍മാന്‍ ഫാരിസ് (24), കൂട്ടിലങ്ങാടി കൊളപ്പറമ്ബ് മുഹമ്മദ് നൗഷീന്‍ (23) എന്നിവരില്‍ നിന്നാണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡയിലെടുത്തു.
കാറില്‍ കടത്തുകയായിരുന്ന 138 പാക്കറ്റ് (30.12 ഗ്രാം) എം.ഡി.എം.എയുമായി സല്‍മാന്‍ ഫാരിസിനെ മലപ്പുറം എക്സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌പെഷല്‍ ആന്‍റി നാര്‍ക്കോട്ടിക്‌സ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. കലാമുദ്ദീനും സംഘവും പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂട്ടാളിയായ നൗഷീന്‍ പിടിയിലായത്.
94 പാക്കറ്റ് (33 ഗ്രാം) എം.ഡി.എം.എയും എട്ട് എല്‍.എസ്.ഡി സ്റ്റാമ്ബുകളും 11 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. ഗോവയില്‍നിന്നും ബംഗളൂരുവില്‍ നിന്നും കൊറിയര്‍ മുഖേനയാണ് ഇത് കൊണ്ടുവരുന്നത്.
ബംഗളൂരുവില്‍ കേസിലകപ്പെട്ട സമയത്തെ ജയില്‍ ബന്ധങ്ങള്‍ ഉപയോഗിച്ച് മുഹമ്മദ് നൗഷീന്‍ വരുത്തുന്ന മയക്കുമരുന്നുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പന നടത്തുന്നതായി എക്‌സൈസ് ഇന്‍റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.
0 Comments