വ്യാജ സർട്ടിഫിക്കറ്റ് കേസ്: പോലീസിനെ സ്വാധീനിക്കാമെന്ന് പറഞ്ഞ് 25 ലക്ഷം തട്ടി; രണ്ടുപേർ പിടിയിൽ
വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ കേസിലെ പ്രതികളെ രക്ഷിക്കാനെന്ന വ്യാജേന വീട്ടുകാരിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. തൃപ്പങ്ങാട് സ്വദേശി മൊയ്തീന്റെ മകൻ നവാസ്, ചിറക്കപ്പറമ്പ് സ്വദേശി കമറുദ്ദീൻ എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതികളായ ഇർഷാദ്, രാഹുൽ എന്നിവരുടെ വീടുകളിലെത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. പോലീസിന് പണം നൽകിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കില്ലെന്നും, ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരുമെന്നും ഇവർ വീട്ടുകാരെ ഭീഷണിപ്പെടുത്തി. തങ്ങൾക്ക് പോലീസ് ഉദ്യോഗസ്ഥരുമായി ഉന്നത ബന്ധമുണ്ടെന്നും, ഇടപെട്ടാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്നും മാധ്യമങ്ങളിൽ വാർത്ത വരാതെ നോക്കാമെന്നും ഇവർ വിശ്വസിപ്പിച്ചു.
ഇത് വിശ്വസിച്ച വീട്ടുകാർ സ്വർണാഭരണങ്ങൾ പണയം വെച്ചും മറ്റും സമാഹരിച്ച 20 ലക്ഷം രൂപ അക്കൗണ്ട് വഴിയും, 5 ലക്ഷം രൂപ നേരിട്ടും പ്രതികൾക്ക് കൈമാറി. വിശ്വാസ്യത ഉറപ്പാക്കുന്നതിനായി ഡിവൈ.എസ്.പി സംസാരിക്കുന്നതെന്ന വ്യാജേന ഒരു വോയിസ് ക്ലിപ്പും ഇവർ വീട്ടുകാർക്ക് അയച്ചുകൊടുത്തിരുന്നു.
എന്നാൽ, ജാമ്യത്തിലിറങ്ങിയ യഥാർത്ഥ പ്രതികൾ പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും തങ്ങളെക്കുറിച്ചുള്ള വാർത്ത വന്നത് ശ്രദ്ധിച്ചപ്പോഴാണ് പറ്റിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. തുടർന്ന് ഇവർ പൊന്നാനി പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഡിവൈ.എസ്.പിയുടേതെന്ന പേരിൽ വോയിസ് അയച്ചത് 'സോഡാ ബാബു' എന്നറിയപ്പെടുന്ന സാജിദ് ആണെന്ന് കണ്ടെത്തി. ഇയാൾ എറണാകുളം പനങ്ങാട് സ്റ്റേഷനിൽ ഒരു വാഹന മോഷണക്കേസിൽ അറസ്റ്റിലായി നിലവിൽ ജയിലിലാണ്.
പൊന്നാനി സി.ഐ അഷ്റഫിന്റെ നേതൃത്വത്തിൽ എസ്.ഐ ബിബിൻ, സിവിൽ പോലീസ് ഓഫീസർമാരായ കൃപേഷ്, സുമേഷ്, ശ്രീരാജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments