അശോകപുരം നാരായണൻ സംസ്ഥാന മാധ്യമ അവാർഡ് ഫാറൂഖ് വെളിയങ്കോട് ഏറ്റുവാങ്ങി
അശോകപുരം നാരായണൻ ഫൗണ്ടേഷനും കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ആലുവ മേഖലാ കമ്മിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ സംസ്ഥാന മാധ്യമ അവാർഡ് മാതൃഭൂമി എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട് ഏറ്റുവാങ്ങി. ആലുവയിൽ നടന്ന ചടങ്ങിൽ മന്ത്രി റോജി എം. ജോൺ അവാർഡ് സമർപ്പിച്ചു.
പൊന്നാനി കോൾ പടവിലെ കർഷകരുടെ ദുരിതങ്ങൾ അനാവരണം ചെയ്തുകൊണ്ട് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച 'പൊന്നാനി നെല്ലറയ്ക്ക് എന്തുപറ്റി?' എന്ന വാർത്താ പരമ്പരയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. 10,001 രൂപയും ശിലാഫലകവും മംഗളപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
നവമാധ്യമങ്ങളുടെ കടന്നുകയറ്റത്തിനിടയിലും വാർത്തകളുടെ വിശ്വാസ്യത അച്ചടി മാധ്യമങ്ങൾക്കാണെന്ന് അവാർഡ് സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി റോജി എം. ജോൺ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ജനഹിതമല്ലാത്ത വാർത്തകൾ കൂടുതലായി സ്ഥാനം പിടിക്കുമ്പോൾ അച്ചടി മാധ്യമങ്ങളുടെ പ്രസക്തി വർധിക്കുകയാണ്. വസ്തുതകൾ പരിശോധിക്കാതെ സോഷ്യൽ മീഡിയ വാർത്തകൾ പടച്ചുവിടുന്നത് മാധ്യമപ്രവർത്തനത്തിന്റെ അപചയത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് സജീവമായ ഫാറൂഖ് വെളിയങ്കോട്, നേരത്തെ എം.എ. ഹംസ സ്മാരക പുരസ്കാരം, മെഡ് എക്‌സ്‌പോ മീഡിയ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. വന്നേരിനാട് പ്രസ്സ് ഫോറം ജനറൽ സെക്രട്ടറി, കെ.ജെ.യു. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ വാർത്തകളിലൂടെ സമൂഹശ്രദ്ധയിൽ കൊണ്ടുവരുന്നതിലെ ഫാറൂഖിന്റെ പ്രവർത്തനങ്ങളെ ചടങ്ങിൽ പ്രസംഗിച്ചവർ പ്രത്യേകം അഭിനന്ദിച്ചു.
അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണവും അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണവും നടത്തി. കെ.ജെ.യു ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ അനുസ്മരണ പ്രഭാഷണം നടത്തി. അവാർഡ് നിർണ്ണയ സമിതി ചെയർമാൻ എം.പി. ജോസഫ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.
കെ.ജെ.യു മേഖല പ്രസിഡന്റ് എസ്.എ. രാജൻ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്‌സൺ സൈജി ജോളി, പ്രതിപക്ഷ നേതാവ് ശ്യാം പത്മനാഭൻ, കെ.ജെ.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. ഷാജി, ദേശീയ സമിതിയംഗം ബോബൻ ബി. കിഴക്കേത്തറ, ജില്ലാ പ്രസിഡന്റ് സുനീഷ് മണ്ണത്തൂർ, സെക്രട്ടറി വി. ദിലീപ് കുമാർ, ആലുവ മീഡിയ ക്ലബ്ബ് സെക്രട്ടറി റഫീക്ക് അഹമ്മദ്, വൈസ് പ്രസിഡന്റ് കെ.കെ. അബ്ദുൾ സലാം എന്നിവർ സംസാരിച്ചു. അവാർഡ് ജേതാവ് ഫാറൂഖ് വെളിയങ്കോട് മറുപടി പ്രസംഗം നടത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments