ഭിന്നശേഷി സൗഹൃദ ബൂത്തുകളിൽ വോട്ടർമാർക്ക് മധുരവും സ്നേഹാദരവും നൽകി ജില്ലാ ഭരണകൂടം.
മലപ്പുറം: ജനാധിപത്യത്തിന്റെ ഉത്സവത്തിൽ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ആത്മവിശ്വാസത്തോടെ പങ്കുചേരാൻ വഴിയൊരുക്കി മലപ്പുറം ജില്ലയിലെ പ്രത്യേക ഭിന്നശേഷി സൗഹൃദ പോളിങ് ബൂത്തുകൾ ശ്രദ്ധേയമാകുന്നു. മലപ്പുറം ഗവൺമെന്റ് കോളേജിലെ 152-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി മടങ്ങിയ മുണ്ടുപറമ്പ് സ്വദേശി ഹാസിയ ഉമ്മയ്ക്ക് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ പൂവും മിഠായിയും നൽകി സ്വീകരിച്ചത് വേറിട്ട കാഴ്ചയായി. വോട്ട് ചെയ്ത് മടങ്ങുന്നവർക്ക് അഭിനന്ദന കാർഡും മധുരവും നൽകുന്ന ഈ പദ്ധതി ജില്ലയിൽ ഇതാദ്യമായാണ് ജില്ലാ ഭരണകൂടവും സ്വീപ്പും (SVEEP) ചേർന്ന് നടപ്പിലാക്കുന്നത്.
മലപ്പുറം ഗവൺമെന്റ് കോളേജ് കൂടാതെ മഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ, വണ്ടൂർ ഗവൺമെന്റ് വൊക്കേഷണൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ പ്രത്യേക സൗകര്യങ്ങളുള്ള ബൂത്തുകൾ പ്രവർത്തിക്കുന്നത്. മലപ്പുറത്തെയും മഞ്ചേരിയിലെയും ബൂത്തുകളിൽ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ തന്നെയാണ് പോളിങ് നടപടികൾ നിയന്ത്രിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വോട്ടർമാരെ സ്വീകരിക്കുന്നതും അവർക്ക് മധുരം വിതരണം ചെയ്യുന്നതും ഭിന്നശേഷിക്കാർ തന്നെയാണ്.
അത്യാധുനികമായ ഒട്ടേറെ സൗകര്യങ്ങളാണ് ഈ ബൂത്തുകളിൽ ഒരുക്കിയിട്ടുള്ളത്. ഭിന്നശേഷിക്കാർക്കായി പ്രത്യേകം അടയാളപ്പെടുത്തിയ പാർക്കിംഗ് ഏരിയ മുതൽ പോളിങ് കമ്പാർട്ട്മെന്റ് വരെ കാഴ്ചപരിമിതിയുള്ളവർക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ ടാക് ടൈൽ ടൈലുകൾ പാകിയിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ വിവരങ്ങളും ചിഹ്നങ്ങളും ബ്രെയിൻ ലിപിയിലും ആംഗ്യഭാഷയിലും ശബ്ദരൂപത്തിലും ലഭ്യമാക്കിയതിനൊപ്പം വലിയ അക്ഷരങ്ങളിൽ ടിവി സ്ക്രീനുകളിലും പ്രദർശിപ്പിക്കുന്നുണ്ട്. വീൽചെയറുകൾ, ഊന്നുവടികൾ, മാഗ്‌നിഫൈയിങ് ഷീറ്റുകൾ എന്നിവയും വോട്ടർമാരെ സഹായിക്കാൻ മുഴുവൻ സമയ വോളന്റിയർമാരുടെ സേവനവും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
ജനാധിപത്യ പ്രക്രിയയിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും പുതിയ തലമുറയ്ക്ക് പ്രചോദനം നൽകാനുമാണ് ഇത്തരമൊരു സംരംഭമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസറും ഭിന്നശേഷി വയോജന വോട്ടർമാരുടെ നോഡൽ ഓഫീസറുമായ സമീർ മച്ചിങ്ങൽ, ഹെൽത്ത് മിഷൻ പ്രോഗ്രാം ഓഫീസർ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ മാതൃകാ ബൂത്തുകളുടെ ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്. യാതൊരുവിധ സമ്മർദ്ദവുമില്ലാതെ സമാധാനപരമായി വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ ബൂത്തുകളിലെത്തിയ സമ്മതിദായകർ.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments