സാമൂതിരി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി
മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് ആവള - കുട്ടോത്ത് നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ബലിക്കല്ലിലാണ് ലിഖിതം കൊത്തിവെച്ചിരിക്കുന്നത്. കാലം സൂചിപ്പിക്കാത്ത ഈ വട്ടെഴുത്ത് ലിഖിതം ലിപി ശൈലിയുടെ അടിസ്ഥാനത്തിൽ 12-13 നൂറ്റാണ്ടിലേതാണെന്ന് കണക്കാക്കുന്നു. ആവള എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്തിന്റെ അക്കാലത്തെ പേര് അകവള എന്നായിരുന്നു എന്ന് ലിഖിതത്തിൽ നിന്ന് അറിയാം. അകവളയിലെ അധികാരരായിരുന്ന കേളിത്തനും അദ്ദേഹത്തിന്റെ ഇളയ സഹോദരനും ചേർന്ന് ക്ഷേത്രം നിർമ്മിച്ചതാണ് രേഖാ പരാമർശം. സഹോദരൻ മാനവിക്രമ രാജാവിന്റെ കീഴ്പടൈ നായരായിരുന്നു എന്നും രേഖയിൽ പറയുന്നു. സാമൂതിരിയുടെ ഉപസേനാധിപനായിരുന്നു അദ്ദേഹമെന്ന് കരുതാം. ഇതു കൂടാതെ മറ്റൊരു ലിഖിതവും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രം നിർമ്മിച്ചവർ അമ്പലത്തിൽ നടത്തിയ ചില ഏർപ്പാടുകളാണ് ഈ ലിഖിതത്തിലുള്ളത്. ഒരു ശിലാപാളിയുടെ ഇരുവശങ്ങളിലുമായി വട്ടെഴുത്ത് ലിപിയിൽത്തന്നെയാണ് ഈ രേഖയുമുള്ളത്.
പുരാവസ്തു വകുപ്പിലെ കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ഓഫീസർ കെ. കൃഷ്ണരാജാണ് ലിഖിതം പകർത്തിയത്. സാമൂതിരി മാനവിക്രമന്റെ പേര് പരാമർശിക്കുന്ന പഴയകാല ലിഖിതങ്ങളിൽ രണ്ടാമത്തേതാണ് ആവള ലിഖിതം എന്ന് കൃഷ്ണരാജ് പറഞ്ഞു. ആദ്യത്തേത് പൊതുവർഷം 1102 ലെ കൊല്ലം രാമേശ്വരം ക്ഷേത്ര ലിഖിതമാണ്. ചേരപ്പെരുമാളായ രാമകുല ശേഖരന്റെ ഈ ലിഖിതത്തിൽ 'ഏറനാട് വാഴ്‌കൈ മാനവിക്കിരമനായിന പൂന്തുറൈക്കോൻ' എന്ന് അന്തരിച്ച ചരിത്ര പണ്ഡിതൻ ഡോ. എം.ജി. എസ്. നാരായണൻ ആ ലിഖിതം വായിച്ചിട്ടുണ്ടെന്നും കൃഷ്ണരാജ് പറഞ്ഞു.
'മധ്യകാലഘട്ടത്തിന്റെ ആരംഭ നൂറ്റാണ്ടുകളിൽ സാമൂതിരിമാരെ സംബന്ധിക്കുന്നലിഖിതങ്ങൾ വളരെ അപൂർവമാണ്. ഏറനാടുടയവർ എന്ന് പരാമർശിക്കപ്പെടുന്ന കുറച്ചു ലിഖിതങ്ങളുണ്ട്. മാനവിക്രമനെ രാജാവായി വിശേഷിപ്പിക്കുന്നതിനാൽ ആവള ലിഖിതത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കേരളോൽപ്പത്തിയിൽ കാണപ്പെടുന്ന പരമ്പരാഗത വിവരണം ഒഴികെ, കോഴിക്കോട് സാമൂതിരി വംശത്തിന്റെ ആവിർഭാവം ഇപ്പോഴും അവ്യക്തമായി തുടരുന്നു. ഈ സന്ദർഭത്തിൽ, സാമൂതിരിമാരുടെ ആദ്യകാല ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയ്ക്ക് മൂല്യവത്തായ ഒരു കൂട്ടിച്ചേർക്കലായി ആവള ലിഖിതത്തെ കണക്കാക്കാ'മെന്ന് സാമൂതിരി ചരിത്രം ആഴത്തിൽ പഠിച്ചിട്ടുള്ള കോഴിക്കോട് സർവ്വകലാശാല ചരിത്ര വിഭാഗം പൊഫസർ ഡോ. വി.വി. ഹരിദാസ് അഭിപ്രായപ്പെട്ടു.
പ്രശസ്ത ലിപി പണ്ഡിതനായ ഡോ. എം.ആർ. രാഘവവാരിയർ ക്ഷേത്രം സന്ദർശിച്ച് ലിഖിതങ്ങൾ പരിശോധിച്ചു. പുരാവസ്തു വകുപ്പിന്റെ പ്രസിദ്ധീകരണമായ കേരള ആർക്കിയോളജിക്കൽ സീരീസിന്റെ അടുത്ത ലക്കത്തിൽ ഈ സുപ്രധാന ലിഖിതങ്ങളുടെ വിസ്തരിച്ചുള്ള പഠനം ഉൾപ്പെടുത്തുമെന്ന് പത്രികയുടെ ഓണററി എഡിറ്റർ കൂടിയായ ഡോ. വാരിയർ പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments