വെളിയങ്കോട് ഉമർഖാസി 173 -ാമത് ആണ്ടുനേർച്ച നാളെ തുടങ്ങും
പ്രമുഖ പണ്ഡിതനും സൂഫിയും സ്വാതന്ത്ര്യ സമര നായകനുമായ വെളിയങ്കോട് ഉമർഖാസിയുടെ 173 -ാമത് ആണ്ടുനേർച്ചയ്ക്ക് വെള്ളിയാഴ്ച തുടക്കമാവും. ജുമുഅ നമസ്‌കാരശേഷം വെളിയങ്കോട് മഹല്ല് ഖാസി ഹംസ സഖാഫിയുടെ നേതൃത്വത്തിൽ ഖാസിയുടെ മക്കാം സിയാറത്തിനു ശേഷം വെളിയങ്കോട് മഹല്ല് പ്രസിഡന്റ് പി.വി. കുഞ്ഞിമരക്കാർ ഹാജി ജമാലിയ്യ കൊടി ഉയർത്തും. ഇതോടെ ആണ്ടുനേർച്ചയുടെ ചടങ്ങുകൾക്ക് തുടക്കമാവും. തുടർന്ന് വൈകുന്നേരം നാലിന് ഉമർഖാസി പ്രകീർത്തന സദസ്സ് വെളിയങ്കോട് ജുമാഅത്ത് പള്ളി മുദരിസ് സയ്യിദ് അഹമദ് അബ്‌ദുല്ലാഹിൽ ബുഖാരി അദനി ഉദ്‌ഘാടനം ചെയ്യും. മഹല്ല് വൈസ് പ്രസിഡന്റ് മുജീബ് കൊട്ടിലുങ്ങൽ അധ്യക്ഷത വഹിക്കും. സ്വല്ലൽ ഇലാഹ് ബൈത്ത് ആലാപനത്തിന് ഹാഫിള് സ്വാലിഹ് ചേറൂർ നേതൃത്വം നൽകും. രാത്രി ഏഴിന് ഉമർഖാസി അനുസ്‌മരണ സമ്മേളനം ഷെമീർ ദാരിമി കൊല്ലം ഉദ്‌ഘാടനം ചെയ്യും. മുഹമ്മദ് അസ്ഹരി പേരോട് മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്‌ച രാത്രി ഏഴിന് ദിക്ർ സദസ്സും സ്വലാത്ത് വാർഷികവും കോഴിക്കോട് വലിയ ഖാസി പാണക്കാട് അബ്‌ദുൽ നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും. ദിക്ർ സദസ്സിന് ഹംസ സഖാഫി നേതൃത്വം നൽകും. ഉത്ബോധന പ്രഭാഷണവും സമാപന പ്രാർഥനയ്ക്കും സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി കടലുണ്ടി നേതൃത്വം നൽകും. ഞായറാഴ്‌ച രാവിലെ ഏഴിന് മൗലീദ് പാരായണം നടക്കും. 7.30 മുതൽ 2.30 വരെ ഭക്ഷണവിതരണവും നടക്കും. ആണ്ടുനേർച്ചയുടെ ഭാഗമായി വെളിയങ്കോട് എത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങൾ സജ്ജമായിട്ടുണ്ടെന്ന് മഹല്ല് ഭാരവാഹികളായ പി.വി. കുഞ്ഞിമരക്കാർ ഹാജി, മാളിയേക്കൽ അബ്ദുസമദ്, കെ.സി. അക്ബർ, പാങ്കയിൽ മുഹമ്മദ് റാഫി, മുജീബ് കൊട്ടിലുങ്ങൽ, അലിഅക്ബർ മുസ്‌ലിയാം വീട്ടിൽ, മുഹമ്മദ് ഷെഫീഖ് വലിയകത്ത് പള്ളിയിൽ എന്നിവർ അറിയിച്ചു.
0 Comments