Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നവകേരള സദസ്സ്: മലപ്പുറം ജില്ലയിലെ പര്യടനങ്ങൾക്ക് തിരൂരിൽ തുടക്കമാകുംa


നവകേരള സദസ്സ്: മലപ്പുറം ജില്ലയിലെ പര്യടനങ്ങൾക്ക് തിരൂരിൽ തുടക്കമാകും

മന്ത്രിസഭയൊന്നാകെ ജനങ്ങൾക്കിടയിലേക്കിറങ്ങിവരികയും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുകയും ചെയ്യുന്ന മണ്ഡലംതല നവകേരള സദസ്സുകൾക്ക് നവംബർ 27ന് മലപ്പുറം ജില്ലയിൽ തുടക്കമാകും. തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണായ തിരൂരിൽ നടക്കുന്ന പ്രഭാത സദസ്സോടെയാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ജില്ലയിലെ പര്യടനത്തിന് സമാരംഭം കുറിക്കുന്നത്. തിരൂർ ബിയാൻകോ കാസിലിൽ രാവിലെ ഒമ്പതിനാണ് പ്രഭാത സദസ്സ്. തുടർന്ന് പൊന്നാനി, തവനൂർ മണ്ഡലങ്ങളിലെ പര്യടനത്തിന് ശേഷം വൈകീട്ട് 4.30ന് തിരൂർ മണ്ഡലത്തിലെ നവകേരള സദസ്സ് ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്‌കൂൾ മൈതാനത്ത് നടക്കും. പൊതുജനങ്ങളുടെ സൗകര്യാർത്ഥം ഉച്ചയ്ക്ക് 12 മുതൽ തന്നെ പരാതികൾ സ്വീകരിക്കുന്നതിനുള്ള കൗണ്ടറുകൾ തുറക്കും. കൂടാതെ കേരളോത്സവ വിജയികളുടെതുൾപ്പടെ വിവിധ കലാപരിപാടികളും അരങ്ങേറും. നവകേരള സദസ്സ് പൂർത്തിയാക്കി വൈകീട്ട് ആറിന് ബബിൾ ഷോയും അലോഷിയുടെ പാട്ടുകളും വേദിയെ ധന്യമാക്കും.

ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനും താലൂക്ക് തല അദാലത്തുകൾ, മേഖലാ അവലോകന യോഗങ്ങൾ എന്നിവ പൂർത്തിയാക്കിയതിന്റെ അടുത്ത ഘട്ടമായാണ് നിയോജക മണ്ഡലംതല നവകേരള സദസ്സുകൾ. നവകേരള സദസ്സുകളുടെ ഭാഗമായി വിവിധ മണ്ഡലങ്ങളെ സംയോജിപ്പിച്ച് തിരൂർ, മലപ്പുറം, പെരിന്തൽമണ്ണ കേന്ദ്രമാക്കി നടത്തുന്ന പ്രഭാത സദസ്സുകളിൽ സമൂഹത്തിന്റെ വിവിധ വിഭാഗം ജനങ്ങളെ പ്രതിനിധീകരിച്ചെത്തുന്നവർക്ക് അവരുടെ വികസന സങ്കൽപ്പങ്ങൾ അവതരിപ്പിക്കാനും മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും സംവദിക്കാനും അവസരം ലഭിക്കും.

*ആയിരത്തോളം വീട്ടുമുറ്റ സദസ്സുകൾ*
തിരൂർ നഗരസഭയും തലക്കാട്, വെട്ടം, ആതവനാട്, തിരുന്നാവായ, കൽപ്പകഞ്ചേരി, വളവന്നൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന തിരൂർ മണ്ഡലത്തിൽ ഡിവിഷൻ, വാർഡ് തലങ്ങളിലായി ആയിരത്തോളം വീട്ടുമുറ്റ സദസ്സുകളാണ് നവകേരള സദസ്സിന്റെ ഭാഗമായി ചേർന്നത്. വീട്ടമ്മമാർ ഉൾപ്പടെ നാനാവിഭാഗം ജനങ്ങളെയും നവകേരളത്തിനായുള്ള പാതയിൽ സംസ്ഥാന സർക്കാരിനൊപ്പം കണ്ണികളാക്കുന്ന തരത്തിലായിരുന്നു ഇതിന്റെ പ്രവർത്തനങ്ങൾ. വീട്ടുമുറ്റ സദസ്സുകളിൽ നിന്നുയർന്നുവന്ന ആശയങ്ങളും ഒപ്പം ആവശ്യങ്ങളും നവകേരള സദസ്സിൽ മന്ത്രിസഭയുടെ പരിഗണനയിലുണ്ടാകും.

പ്രഭാത സദസ്സ്
വിവിധ ജനവിഭാഗങ്ങളെ പ്രതിനിധീകരിച്ച് പ്രത്യേകം ക്ഷണിതാക്കളായി എത്തുന്നവരാണ് പ്രഭാത സദസ്സുകളിൽ പങ്കെടുക്കുക. നവംബർ 27ന് തിരൂർ ബിയാൻകോ കാസിലിൽ രാവിലെ ഒമ്പതിന് നടക്കുന്ന പ്രഭാത സദസ്സിൽ തിരൂർ, തവനൂർ, പൊന്നാനി, താനൂർ, തിരൂരങ്ങാടി മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുക. സ്വാതന്ത്ര്യസമര സേനാനികൾ, വിവിധ മേഖലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച വ്യക്തികൾ, അതത് മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പ്രമുഖർ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ പ്രതിഭകൾ, കലാകാരന്മാർ, അവാർഡ് ജേതാക്കൾ, മഹിളാ-യുവജന-വിദ്യാർഥി വിഭാഗത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ, കോളേജ് യൂണിയൻ ഭാരവാഹികൾ, സാമുദായിക സംഘടനാ നേതാക്കൾ, മുതിർന്ന പൗരന്മാരുടെ പ്രതിനിധികൾ, കലാ-സാംസ്‌കാരിക രംഗം ഉൾപ്പടെ വിവിധ സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

പരാതികൾ സ്വീകരിക്കാൻ പ്രത്യേകം സൗകര്യം
നവകേരള സദസ്സിൽ പരാതികൾ സ്വീകരിക്കാൻ 20 കൗണ്ടറുകളാണ് ഒരുക്കുന്നത്. സ്ത്രീകൾ, മുതിർന്ന പൗരന്മാർ, വിഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേകം സൗകര്യം ഏർപ്പെടുത്തും. ഉച്ചയ്ക്ക് 12 മുതൽ തന്നെ പരാതികൾ സ്വീകരിച്ച് തുടങ്ങും. പൊതുപരിപാടികൾ അവസാനിച്ചാലും മുഴുവൻ പരാതികളും സ്വീകരിക്കുന്നത് വരെ കൗണ്ടറുകൾ തുറന്നിരിക്കും. പരാതി നൽകുന്നവർ പൂർണമായ മേൽവിലാസം, ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പർ എന്നിവ നൽകിയിരിക്കണം. പരാതി നൽകുമ്പോൾ ലഭിക്കുന്ന കൈപ്പറ്റ് രസീത് ഉപയോഗിച്ചാണ് പരാതിയിന്മേൽ സ്വീകരിച്ച തുടർനടപടികൾ അറിയാനാവുക. ലഭിക്കുന്ന പരാതികൾ കളക്‌റേറ്റിൽ എത്തിച്ച് ഡാറ്റാ എൻട്രി നടത്തിയ ശേഷം ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാതല മേധാവികൾക്ക് പോർട്ടൽ വഴി കൈമാറും. പ്രാദേശിക തലത്തിൽ തീർപ്പാക്കേണ്ട പരാതികൾ രണ്ടാഴ്ചക്കുള്ളിലും സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങൾ 45 ദിവസത്തിനകവും തീർപ്പാക്കും. കൂടുതൽ നടപടിക്രമങ്ങൾ ആവശ്യമുള്ള സാഹചര്യങ്ങളിൽ പരാതിക്കാരന് ഒരാഴ്ചക്കകം ഇടക്കാല മറുപടിയും ലഭ്യമാക്കും. നിവേദനങ്ങളുടെയും പരാതികളുടെയും തൽസ്ഥിതി www.navakeralasadas.kerala.gov.in എന്ന വൈബ്‌സൈറ്റിലൂടെ ലഭിക്കും.

ഘോഷയാത്രയോടെ തുടക്കം
നവകേരള സദസ്സിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന ഘോഷയാത്ര നവംബർ 24ന് വൈകീട്ട് മൂന്നിന് കോരങ്ങത്ത് ഇ.എം.എസ് സാംസ്‌കാരിക സമുച്ചയത്തിൽ നിന്നും ആരംഭിക്കും. വിദ്യാർഥികൾ, അങ്കണവാടി, ഐ.സി.ഡി.എസ്, ആശാ പ്രവർത്തകർ, യുവജന ക്ലബ്ബുകൾ, പഞ്ചായത്തുകൾ എന്നിവർ ഒരുക്കുന്ന വിവിധ പ്ലോട്ടുകൾ അണിനിരക്കുന്ന ഘോഷയാത്ര താഴെപ്പാലം ചുറ്റി വാഗൺ ട്രാജഡി ടൗൺഹാളിൽ സമാപിക്കും. തുടർന്ന് ടൗൺ ഹാളിലെ വീഡിയോ വാളിൽ വികസന നേട്ടങ്ങളുടെ പ്രദർശനം വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും. നവംബർ 26 വരെ ടൗൺഹാൾ പരിസരത്തെ ഈ പ്രദർശനങ്ങളും കലാപരിപാടികളും തുടരും. ഇതുകൂടാതെ സ്‌കൂൾ വിദ്യാർഥികൾക്കായി ക്വിസ്, നാടൻ പാട്ട് മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

നവകേരള ഫിലിം ഫെസ്റ്റിവൽ
നവകേരള സദസ്സിന്റെ ഭാഗമായി നവംബർ 24 മുതൽ 26 വരെ വൈകീട്ട് 7.15 ന് ടൗൺഹാൾ പരിസരത്ത് ജ്വാല ഫിലിം സൊസൈറ്റി ഒരുക്കുന്ന നവകേരള ഫിലിം ഫെസ്റ്റിവൽ നടക്കും. ഫലസ്തീൻ സംവിധായിക ഡാറിൻ ജെ. സല്ലം സംവിധാനം ചെയ്ത 'ഫർഹ' 24ന് പ്രദർശിപ്പിക്കും. ടി.പി സുബ്രഹ്‌മണ്യൻ ആമുഖ സംഭാഷണം നടത്തും. 25ന് കെ.ജി ജോർജ് സംവിധാനം ചെയ്ത മമ്മൂട്ടി, ഉർവശി എന്നിവർ ചേർന്ന് അഭിനയിച്ച 'മറ്റൊരാൾ' പ്രദർശിപ്പിക്കും. പ്രദർശനത്തിന് മുന്നോടിയായുള്ള കെ.ജി ജോർജ് അനുസ്മരണ ഭാഷണം തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല മലയാളം വിഭാഗം അസി. പ്രൊഫസർ ഡോ. സ്മിത നിർവ്വഹിക്കും. 26ന് ഇറ്റാലിയൻ നടനും സംവിധായകനുമായ റോബർട്ടോ ബെനിഗ്നിയുടെ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' സിനിമ പ്രദർശിപ്പിക്കും. വി.പി ഉണ്ണികൃഷ്ണൻ ആമുഖ ഭാഷണം നടത്തും.

*നവകേരള സദസ്സ്: മന്ത്രിസഭയെ വരവേൽക്കാൻ തുഞ്ചന്റെ മണ്ണൊരുങ്ങുന്നു*

*_ഗവ. ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂളിൽ ഒരുക്കങ്ങൾ തകൃതി_*

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന് തിരൂർ മണ്ഡലത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടക സമിതി ചെയർമാൻ അഡ്വ. യു. സൈനുദ്ധീൻ പറഞ്ഞു. പരിപാടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 27ന് തിരൂർ മണ്ഡലത്തിൽ നവകേരള സദസ്സിന് വേദിയാകുന്ന ഗവ. ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂൾ മൈതാനത്ത് പരാതികൾ സ്വീകരിക്കുന്നതിനും ആറായിരത്തോളം പേർക്ക് ഇരിക്കുന്നതിനുമായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. കുടിവെള്ളം, ഇ-ടോയ്ലറ്റ് സംവിധാനം ഉൾപ്പടെ അത്യാവശ്യ സൗകര്യങ്ങളും ഉറപ്പ് വരുത്തും. കൂടാതെ ഘോഷയാത്ര ഉൾപ്പടെ വിവിധ കലാ- സാംസ്‌കാരിക പരിപാടികളും നവംബർ 24 മുതൽ ഒരുക്കിയതായി ചെയർമാൻ പറഞ്ഞു.

തിരൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി വൈസ് ചെയർമാൻ അഡ്വ. പി. ഹംസക്കുട്ടി, കൺവീനർ എസ്. ഷീജ, മീഡിയ കമ്മിറ്റി ചെയർമാൻ വി. നന്ദൻ, വെട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മുല്ലയിൽ, സബ് കമ്മിറ്റി കൺവീനർമാരായ പി. ഉണ്ണി, പി.പി ലക്ഷ്മണൻ, സി.എം മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments