കെ.എസ്.ആർ.ടി.സി യുടെ പുത്തൻ സ്കാനിയ ബസ് ഉൾപ്പെടെ നാലു ബസ്സുകളുടെ ചില്ലുകൾ കല്ലെറിഞ്ഞു തകർത്ത യുവാവിനെ തൃശൂർ സിറ്റി പോലീസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. കുന്നംകുളം കാണിയാമ്പാൽ ചെമ്മണൂർ വീട്ടിൽ യാനി (26) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ആഗസ്ത് 8 നായിരുന്നു ആദ്യത്തെ സംഭവം. തൃശൂർ കുന്നംകുളം റോഡിലൂടെ പുലർച്ചെ സർവ്വീസ് നടത്തിയിരുന്ന KSRTC ബസ്സിന്റെ മുൻഭാഗത്തെ ചില്ല് ആരോ എറിഞ്ഞു തകർത്തതായി പേരാമംഗലം പോലീസിൽ പരാതി ലഭിക്കുകയുണ്ടായി. ഈ കേസിന്റെ അന്വേഷണത്തിനിടെ ആഗസ്ത് 14 ന് പുലർച്ചെ അതു വഴി പോയിരുന്ന പുതിയ സ്കാനിയ ബസ്സിന്റെ ചില്ലും കല്ലെറിഞ്ഞ് തകർത്തു. ആഗസ്ത് 18 ന് അതുവഴി പോയിരുന്ന 2 കെ.എസ്.ആർ.ടി.സി ബസ്സുകളുടെ ചില്ലുകളാണ് തകർക്കപ്പെട്ടത്. രാത്രി കാലങ്ങളിലാണ് എല്ലാ അക്രമങ്ങളും നടന്നത്. കെ.എസ്.ആർ.ടി.സി ബസ്സുകൾക്കു നേരെയുള്ള അക്രമങ്ങൾ ആരോ മന:പൂർവ്വം ചെയ്യുന്നതാണെന്ന നിഗമനത്തിൽ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള സ്പെഷൽ ആക്ഷൻ ടീമംഗങ്ങൾ അക്രമമുണ്ടായ പരിസരങ്ങളിൽ നിരന്തര നിരീക്ഷണം നടത്തിയും, സിസിടിവി ക്യാമറദൃശ്യങ്ങൾ പരിശോധിച്ചുമാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റിലായ പ്രതി കുന്നംകുളത്ത് മെഡിക്കൽ ഷോപ്പ് നടത്തുകയാണ്. അവധി ദിവസങ്ങളിൽ കൂട്ടുകാരോടൊത്ത് യാത്രകൾക്ക് പോകാറുമുണ്ട്. ആഗസ്ത് 8 ന് ഇയാളുടെ സ്വകാര്യ വാഹനത്തിൽ യാത്രചെയ്യുമ്പോൾ മുന്നിൽ പോയിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഇയാളുടെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിലും, മിക്ക കെ.എസ്.ആർ.ടി.സി ബസ്സുകളും ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തതിലുമുള്ള വൈരാഗ്യമാണ് ബസ്സിന് നേരെ കല്ലെറിയുന്നതിന് കാരണമെന്നാണ് പോലീസിനോട് വെളിപ്പെടുത്തിയത്. രാത്രികാലങ്ങളിൽ ഒളിഞ്ഞിരുന്ന് അതുവഴി പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സുകൾക്കു നേരെ കല്ലെറിയുന്നത് ഇയാൾ പതിവാക്കുകയായിരുന്നു. ഇക്കാര്യത്തിന് പേരാമംഗലം പോലീസ് സ്റ്റേഷനിൽ നാലു കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭ്യമല്ലാതിരുന്നതിനാൽ, സ്ഥലത്ത് പോലീസ് പട്രോളിങ്ങ് ശക്തമാക്കുകയും, സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്ക് പ്രത്യേക സുരക്ഷ ഏർപ്പാടാക്കുകയും ചെയ്തിരുന്നു. ആസൂത്രിത കുറ്റകൃത്യങ്ങൾ തടയുന്നതിന് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ രാത്രിയും പകലും നീണ്ട നിരീക്ഷണങ്ങൾക്കും, അന്വേഷണങ്ങൾക്കും ഒടുവിലാണ് പ്രതി വലയിലായത്. ഇതിനായി ഇരുനൂറിലധികം സിസിടിവി ക്യാമറകൾ നിരീക്ഷിക്കുകയും, നിരവധി മൊബൈൽ ഫോൺ ടവർ ലൊക്കേഷനുകൾ പരിശോധിക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്യും. ഇയാൾ ലഹരി വസ്തുക്കൾക്ക് അടിമയാണോ എന്നും മറ്റുമുള്ള അന്വേഷണങ്ങൾ നടന്നു വരുന്നു.
പ്രതിയെ പിടികൂടിയ അന്വേഷണ സംഘാംഗങ്ങൾ.
പേരാമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അശോക് കുമാർ വി, സബ് ഇൻസ്പെക്ടർ റെമിൻ കെ.ആർ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ മനോജ് എ യു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ് പി.എസ്, സുധീർ കെ.എൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, സുനീപ്, സിംസൺ, അതുൽ ശങ്കർ, ജിതിൻരാജ്, അബി ബിലയ് സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് അംഗങ്ങളായ സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ് കെ.ജി, സുനീപ് കെ.ബി, സജി ചന്ദ്രൻ, സിംസൺ.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments