വെളിയങ്കോട് പ്രദേശത്തിൻ്റെ ചിരകാലാഭിലാഷമായ വെളിയങ്കോട് ലോക് കം ബ്രിഡ്ജിൻ്റെ പൈലിങ് പ്രവൃത്തികൾ പുരോഗമിക്കുന്നു. വെളിയങ്കോട് പൂക്കൈത കടവ് ഭാഗത്തെ പാലത്തിനായുള്ള ആറ് പൈലുകളും പൂർത്തീകരിച്ചു.
മാറഞ്ചേരി ഭാഗത്തെ ആറ് പൈലുകളിൽ മൂന്നെണ്ണത്തിൻ്റെ പ്രവൃത്തിയും പൂർത്തിയായി. രണ്ടാഴ്ചക്കകം പാലത്തിനായുള്ള പൈലിങ് പൂർത്തീകരിക്കും. 65 മീറ്റർ ആഴത്തിലാണ് പാലത്തിൻ്റെ പൈലിങ് നടത്തുന്നത്.കൂടാതെ കനാലിൽ ലോക് വാളിൻ്റെ പൈലിങും ഉടൻ ആരംഭിക്കും. ഇരു ഭാഗത്തുമായി 64 പൈലുകളാണ് ഉണ്ടാവുക. പാലത്തിൻ്റെ പൈലിങ് പൂർത്തിയായാലുടൻ ഡൈവേർഷൻ കനാൽ നിർമ്മാണത്തിനും തുടക്കമാകും. കനാലിൽ മാറഞ്ചേരി ഭാഗത്താണ് ഡൈവേർഷൻ കനാൽ നിർമ്മിക്കുക. തുടർന്ന് പാലത്തിൻ്റെ നിർമ്മാണവും, ലോക് പൈലിങും സമാന്തരമായി നടക്കും.
പാലമുൾപ്പെടെയുള്ള ആദ്യ ഘട്ട പ്രവർത്തനങ്ങൾക്ക് 28 കോടി രൂപയും, രണ്ടാം ഘട്ട പ്രവൃത്തികൾക്ക് 15 കോടി രൂപയും, മൂന്നാം ഘട്ട പ്രവൃത്തികൾക്കായി 12 കോടി രൂപയുമുൾപ്പെടെ 55 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിക്കുക. നബാർഡിന്റെ 28.37 കോടിയും ബാക്കി സംസ്ഥാന വിഹിതവും ചേർത്താണ് പദ്ധതി നടപ്പിലാക്കുക. ഗതാഗത സൗകര്യത്തോടൊപ്പം വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ്, പുന്നയൂർ, പുന്നയൂർക്കുളം, ഒരുമനയൂർ വരെയുള്ള ആറ് പഞ്ചായത്തിലെയും ചാവക്കാട്, ഗുരുവായൂർ നഗരസഭയിലെയും കുടിവെള്ളത്തിനും കാർഷിക മേഖലയ്ക്കും ഗുണകരമാവുന്നതാണ് പദ്ധതി.കനോലി കനാൽ ദേശിയ ജലപാതയായതിനാൽ 30 മീറ്റർ മുന്നിൽ കണ്ടുള്ള നിർമാണമാണ് നടത്തുന്നത്. നാലര മീറ്റർ വീതിയിൽ ഒറ്റവരി പാലമാണ് നിർമിക്കുന്നത്. 25 മീറ്ററാണ് നീളം.70 മീറ്ററോളം അടിയിൽ നിന്നാണ് ഫൗണ്ടേഷൻ വർക്കുകൾ ആരംഭിക്കുക. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കും. കാസർകോഡ് കേന്ദ്രമായുള്ളഎം.എസ് ബിൽഡേഴ്സിനാണ് നിർമ്മാണ ചുമതല

0 Comments