18 മാസത്തിലധികം പിന്നിടുന്ന കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്ത്യന്‍ പ്രവാസികളുടെ മനസ്സിലെ ആധിയെ തണുപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. സൗദിയില്‍നിന്ന് രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച് നിലവില്‍ യാത്രവിലക്കുള്ള സ്വദേശങ്ങളിലേക്ക് പോയവര്‍ക്ക് നേരിട്ട് തിരിച്ചെത്താമെന്ന സൗദി വിദേശകാര്യ മന്ത്രാലയത്തിെന്റ വിജ്ഞാപനം പ്രവാസികളില്‍ വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെ പുറത്തുവന്ന വിവരം ഉടന്‍ മലയാളമടക്കം മുഴുവന്‍ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു. അതോടെ, വാര്‍ത്തയുടെ വിശ്വാസ്യത ബോധ്യപ്പെടാതെ മാധ്യമസ്ഥാപനങ്ങളിലേക്ക് ഫോണ്‍ വിളികളുെട പ്രവാഹമായിരുന്നു. എന്നാല്‍ അല്പ സമയത്തിനകം ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ട്വിറ്ററിലും സ്ഥിരീകരണം വന്നതോടെ എല്ലാവര്ക്കും വിശ്വാസം വന്നു, ഒപ്പം ആശ്വാസവും.
കോവിഡിെന്റ തുടക്കകാലം മുതല്േക്ക ചിട്ടയായ, ദീര്‍ഘവീക്ഷണത്തോടെയുള്ള കരുതല്‍ പ്രവര്‍ത്തനങ്ങളിലൂടെ സൗദി അറേബ്യ തീര്‍ത്ത പ്രതിരോധ സംവിധാനം തന്നെയാണ് ഏറെ ആശ്വാസകരമായ വാര്‍ത്ത പ്രവാസികള്‍ക്ക് ലഭിക്കാന്‍ സഹായകമായത്. വാക്സിനേഷന് പ്രക്രിയ ഏറെ കൃത്യതയോടെ നടപ്പാക്കിയ സൗദിക്ക് 12 വയസ്സുവരെയുള്ള കുട്ടികള്‍ മുതല്‍ മുകളിലേക്കുള്ള മുഴുവന്‍ വിഭാഗം ആളുകള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാനായി. രോഗവ്യാപനം തടയാനുള്ള സംവിധാനങ്ങളും പഴുത് നല്‍കാതെ പ്രവര്‍ത്തിച്ചതോടെ പ്രതിദിന കോവിഡ് വ്യാപന കണക്കിലും കുറവ് വന്നു. ഏറ്റവും ഒടുവില്‍ പുതിയ രോഗികളുടെ എണ്ണം 353 ആയി കുറഞ്ഞു. ഖത്തറും ഒമാനും വാക്സിന് സ്വീകരിച്ചവര്‍ക്ക് തിരികെയെത്താന്‍ വാതില്‍ തുറന്നപ്പോഴും 10 ദിവസത്തിലധികം അവിടെ ഹോട്ടല്‍ ക്വാറന്റീന് വേണ്ടിവരുന്നതും ഭീമമായ ചെലവും തിരിച്ചുവരാനുള്ള ശ്രമത്തില്‍നിന്ന് സാധാരണ പ്രവാസികളെ പിന്തിരിപ്പിച്ചിരുന്നു.
സൗദിയുടെ പുതിയ പ്രഖ്യാപനം ആഹ്ലാദാതിരേകത്തോടെയാണ് പ്രവാസി സമൂഹം ഏറ്റെടുത്തിരിക്കുന്നത്. തിരിച്ചുവരാനുള്ള വഴിയില്ലാത്തതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന, നിലവില്‍ സൗദിയിലുള്ള പ്രവാസികള്‍ക്കും ഇനി ആശ്വസിക്കാം. അച്ഛനും അമ്മയും മരിച്ചതറിഞ്ഞ് അവരുടെ സംസ്കാര ചടങ്ങില്‍ പെങ്കടുക്കാന്‍ പോകാനൊരുങ്ങുന്ന പന്തളം സ്വദേശി സൈമണ്‍ ഏറെ ധൈര്യത്തോടെയാണ് വ്യാഴാഴ്ച നാട്ടിലേക്ക് വിമാനം കയറുന്നത്. സൗദിയില്‍നിന്ന് രണ്ട് ഡോസ് വാക്സിനുമെടുത്തിരിക്കുന്നതിനാല് ചടങ്ങുകളെല്ലാം കഴിഞ്ഞ് നേരിട്ട് തിരിച്ചുവരാമല്ലോ എന്ന ധൈര്യത്തിലാണ്, പുതിയ വാര്‍ത്തയുടെ വെളിച്ചത്തില്‍ അദ്ദേഹം. കഴിഞ്ഞ മാസമാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസമാണ് നാട്ടില്‍ അച്ഛനും അമ്മയും മരിച്ചത്. ഇരുവരുടെയും വിയോഗമറിഞ്ഞ് നെഞ്ചകം വിങ്ങിപ്പൊട്ടുേമ്ബാഴും നാട്ടില്‍ പോയി വരാന്‍ എന്താ വഴി എന്ന ആലോചനയിലായിരുന്നു സൈമണ്‍. അപ്പോഴാണ് പുതിയ വാര്‍ത്ത അറിയുന്നത്. ഉടന്‍ 'ഗള്‍ഫ് മാധ്യമം' ഓഫീസില്‍ വിളിച്ച് വാര്‍ത്ത സ്ഥിരീകരിച്ചതിനുശേഷം നാട്ടില്‍ പോകാന്‍ തീരുമാനമെടുത്തു.
സൗദിയില്‍നിന്ന് രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് നാട്ടില്‍ പോയി നേരിട്ട് മടങ്ങാം എന്ന് അറിയുേമ്ബാഴും അത് എന്നുമുതല്‍ പ്രാബല്യത്തിലാകും എന്നറിയാത്തതിനാല്‍ അവ്യക്തത തുടരുകയാണ്. വിശദാംശങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് പ്രവാസികള്‍. സൗദിയില്‍നിന്ന് രണ്ട് വാക്സിന് എടുത്ത ആയിരക്കണക്കിന് ആളുകള്‍ ഇപ്പോള്‍ നാട്ടിലുണ്ട്. അവര്‍ക്ക് ഈ വാര്‍ത്ത ആശ്വാസം പകരും. അതേസമയം സ്വദേശങ്ങളില്‍ നിന്ന് രണ്ട് ഡോസ് വാക്സിന് എടുത്തവരുടെ കാര്യത്തില്‍ എന്താവും തീരുമാനം എന്ന് വ്യക്തമല്ല. സൗദിയില്‍നിന്ന് ഒരു ഡോസ് മാത്രം സ്വീകരിച്ച് നാട്ടില്‍ പോയവരും ഏറെയുണ്ട് അവരുടെ കാര്യത്തിലും എന്താണ് തീരുമാനം എന്ന് വ്യക്തമല്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ അനുകൂല പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
0 Comments