അയിരൂരിൽ 20 ലക്ഷം രൂപ ചെലവിൽ ജില്ലാ പഞ്ചായത്ത് കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്
പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ രണ്ട്, 14 വാർഡുകളിലെ അയിരൂർ കനോലി കനാലിന്റെ തീരവാസികളുടെ ഏറെക്കാലമായുള്ള മുറവിളിക്ക് ശാശ്വത പരിഹാരമാവുന്നു. ഇരുവാർഡുകളിലും ഉൾപ്പെടുന്ന 300 -കുടുംബങ്ങൾക്ക് നേരിട്ടു കുടിവെള്ളം എത്തിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ അയിരൂർ കുടിവെള്ള പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ അംഗം എ.കെ. സുബൈറിന്റെ ശ്രമഫലമായാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി 20 ലക്ഷം രൂപ അനുവദിച്ചത്. അയിരൂർ സ്വദേശികളായ പുല്ലൂണി സെയ്‌തുഹാജി - എ.കെ. റംല ദമ്പതികൾ സൗജന്യമായി വിട്ടുനൽകിയ സ്ഥലത്താണ് പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ളടാങ്ക് നിർമിക്കുന്നത്. കുടിവെള്ളടാങ്കിന്റെ നിർമാണം തുടങ്ങിയിട്ടുണ്ട്. അയിരൂരിൽ നിർമിക്കുന്ന ടാങ്കിലേക്ക് പാലപ്പെട്ടി മേഖലയിൽനിന്നാണ് കുടിവെള്ളം പമ്പുചെയ്‌തു എത്തിക്കുന്നത്. വെളിയങ്കോട് ലോക്ക് കം ബ്രിഡ്‌ജ് പദ്ധതിപ്രദേശത്ത് കനോലി കനാലിൽ നേരത്തെയുണ്ടായിരുന്ന ലോക്ക് 1980 -കളിൽ തകരാറായതുമുതലാണ് അയിരൂർ മേഖലയിൽ ഉൾപ്പെടെ കനോലി കനാലിന്റെ തീരത്ത് ഉപ്പുവെള്ളമായത്. പ്രദേശവാസിയെന്ന നിലയിൽ നാട്ടുകാരുടെ പ്രയാസങ്ങൾ നേരിട്ടറിയാവുന്നതുകൊണ്ടാണ് അയിരൂർ കുടിവെള്ളപദ്ധതിക്ക് മുൻഗണനൽകിയതെന്നും മെയ് അവസാനത്തോടെ കുടിവെള്ളപദ്ധതി യഥാർഥ്യമാവുമെന്നും ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈർ പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments