പെരുമ്പടപ്പിൽ സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പ: ഒരാൾ വിയ്യൂർ ജയിലിൽ, മറ്റൊരാൾക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്
പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം കുറ്റവാളികളായ രണ്ട് പേർക്കെതിരെ കാപ്പ (KAAPA) നിയമപ്രകാരം നടപടി സ്വീകരിച്ചു. എരമംഗലം നാക്കോല സ്വദേശി അബ്ദുൾ സമദ് (36), പെരുമ്പടപ്പ് സ്വദേശി നവാസ് (34) എന്നിവർക്കെതിരെയാണ് നടപടി.
വധശ്രമം ഉൾപ്പെടെയുള്ള നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ് എരമംഗലം നാക്കോല ചങ്ങനാത്ത് വീട്ടിൽ അബ്ദുൾ സമദ്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്, തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ സ്റ്റേഷനുകളിലായാണ് ഇയാൾക്കെതിരെ കേസുകളുള്ളത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി വിശ്വനാഥ് ആർ. ഐ.പി.എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ വി.ആർ വിനോദ് ഐ.എ.എസ് ആണ് കരുതൽ തടങ്കൽ ഉത്തരവിറക്കിയത്. അവസാന കേസിൽ ഉൾപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന സമദ് നവംബർ മാസമാണ് ജയിലിൽ നിന്നും ഇറങ്ങിയത്. കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി.
പെരുമ്പടപ്പ് കുന്നനയിൽ വീട്ടിൽ നവാസിനെതിരെ നാടുകടത്തൽ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. പെരുമ്പടപ്പ്, തൃശ്ശൂർ ജില്ലയിലെ വടക്കേക്കാട് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ ഐ.പി.എസ് ആണ് നാടുകടത്തൽ ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം നവാസിന് അടുത്ത ആറ് മാസക്കാലത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശിക്കാൻ സാധിക്കില്ല.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പെരുമ്പടപ്പ് ഇൻസ്പെക്ടർ സി.വി ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ജില്ലയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി സ്ഥിരം കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments