സ്വതന്ത്രസമര സേനാനിയും പ്രമുഖ പണ്ഡിതനും സൂഫിയും കവിയുമായിരുന്ന വെളിയങ്കോട് ഉമർഖാസിയുടെ ചരിത്രം വിദ്യാർഥികൾക്ക് പഠന വിധേയമാക്കുന്നതിന് സംവിധാനമൊരുക്കാൻ സർക്കാർ തലത്തിൽ ശ്രമം നടത്തുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ. പറഞ്ഞു. വെളിയങ്കോട് ഉമർഖാസിയുടെ 174 -ാമത് ആണ്ടുനേർച്ചയുടെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉമർഖാസി അനുസ്മരണ സമ്മേളനം ബശീർ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്തു. ഉമർഖാസിയുടെ ജീവിതം ഭരണാധികാരികൾക്കും പണ്ഡിതന്മാർക്കും സാധാരണക്കാർക്കും ഒരുപോലെ മാതൃകയാക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മഹല്ല് പ്രസിഡന്റ് പി.വി. കുഞ്ഞിമരക്കാർഹാജി അധ്യക്ഷനായി. ഡോ. അബ്ദുസ്സലാം മുസ്‌ലിയാർ ദേവർശോല അനുസ്മരപ്രഭാഷണം നടത്തി. വെളിയങ്കോട് മഹല്ല് ഖാസി ഹംസ സഖാഫി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. സയ്യിദ് അഹമ്മദ് അബ്ദുല്ലാഹിൽ ബുഖാരി അൽ അദനി, സിദ്ദീഖ് മൗലവി അയിലക്കാട്, യൂസുഫ് മുസ്‌ലിയാർ, അബ്ദുൽ അഹദ് ഫാളിലി, മഹല്ല് സംരക്ഷണ സമിതി ചെയർമാൻ യൂസുഫ് പുരയിൽ, മഹല്ല് സെക്രട്ടറി അബ്ദുസ്സമദ് മാളിയേക്കൽ, ഖജാൻജി അക്ബർ എന്നിവർ പ്രസംഗച്ചു. സി.കെ. യാസീൻ, അബ്ദുൽ റഹീം എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ആണ്ടുനേർച്ചയ്ക്ക് തുടക്കം കുറിച്ചു മഹല്ല് പ്രസിഡന്റ് പി.വി. കുഞ്ഞുമരക്കാർഹാജി കൊടി ഉയർത്തി. ദറസ് വാർഷികവും സ്വല്ലൽ ഇലാഹ് പ്രകീർത്തനവും ബുർദ മജ്‌ലിസും ബഷീർ സഅദി വയനാട് ഉദ്ഘാടനം ചെയ്തു. സമാപന പ്രാർഥനയ്ക്ക് സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫ് തലപ്പാറ നേതൃത്വം നൽകി.

0 Comments