തീരദേശത്തെ തൊഴിലും ജീവിതവും സംരക്ഷിക്കണം : റസാഖ് പാലേരി
കേരളത്തിലെ സുപ്രധാന സാമ്പത്തിക മേഖലയായ തീരദേശത്തെ തൊഴിലും ജീവിതവും സംരക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.
കേരളത്തിലെ തീരദേശ മേഖല വലിയ പ്രതിസന്ധികൾ അഭിമുഖീകരിക്കുകയാണ്. തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിന്റെ ഭാഗത്തുനിന്ന് വർഷങ്ങളായി ശ്രമങ്ങളില്ല. മത്സ്യ ബന്ധന മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ പ്രശ്നങ്ങൾ രൂക്ഷമാണ്. അനിയന്ത്രിതമായ ഇന്ധന വില വർദ്ധനവ്, കാലാവസ്ഥ വ്യതിയാനം, തീരശോഷണം, കുത്തകകളുടെ ആഴക്കടൽ മത്സ്യബന്ധനം മൂലം ശോഷിക്കുന്ന മത്സ്യ സമ്പത്ത്,ക്ഷേമ പദ്ധതികളുടെ അപര്യാപ്തത, വള്ളങ്ങളുടെ ഇൻഷൂറൻസ് നടപടിക്രമങ്ങളിലെ കൂടിയ ചിലവ്,മത്സ്യബന്ധന ഉപകരണങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം, മത്സ്യബന്ധന മേഖലയെ ചൂഴ്ന്നു നിൽക്കുന്ന പലിശക്കെണികൾ, CRZ നിയമം, ഭാവന പ്രശ്‍നങ്ങൾ, മത്സ്യത്തൊഴിലാളികൾക്ക് തുച്ഛമായ വരുമാനം തുടങ്ങിയ നിരവധി പ്രശ്‍നങ്ങൾ മത്സ്യത്തൊഴിലാളികൾ നേരിടുന്നുണ്ട്. ഓരോ വർഷവും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ വർധിക്കുമ്പോഴും സർക്കാരുകൾ നോക്കുകുത്തിയാണ്. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ പൊള്ളവാഗ്ദാനങ്ങൾക്കപ്പുറത്ത് തീരദേശത്തെ തൊഴിലും ജീവിതവും വലിയ പ്രതിസന്ധികൾ നേരിടുകയാണ്.
ഇലക്ഷൻ അടുക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിട്ട് വീണ്ടും വീണ്ടും തീരദേശത്തെയും മത്സ്യ തൊഴിലാളികളെയും വഞ്ചിക്കുകയാണ്. മത്സ്യത്തൊഴിലാളികൾ വർഷങ്ങളായി പരാതി പറഞ്ഞിട്ടും തിരിഞ്ഞു നോക്കാത്ത ഭരണകൂടം പബ്ലിക് റിലേഷൻ പ്രോഗ്രാമുകളിലൂടെ കോടികൾ ചിലവഴിച്ചു തീരദേശത്തെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‍നങ്ങൾ പരിഹരിച്ചുവെന്ന് വരുത്തിത്തീർക്കുന്നതിനുള്ള ഇവെന്റുകളാണ് പ്രശ്‌ന പരിഹാരമെന്ന പേരിൽ നടക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ധാരാളം വകുപ്പുകളും ഓഫീസുകളും ഉദ്യോഗസ്ഥരും സംസ്ഥാനത്തുണ്ട്.എന്നാൽ ഇത്തരം സർക്കാർ ഓഫീസുകളിലൂടെ സമയാസമയം പരിഹരിക്കേണ്ട ആവശ്യങ്ങൾ പരിഹരിക്കുന്നില്ല. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ തെരുവിൽ പന്തലുകെട്ടി ആർഭാടപൂർവം സർക്കാരിന്റെ പി.ആർ പ്രോഗ്രാമായി കൊണ്ടാടുന്നത് തികഞ്ഞ ധൂർത്തും. അഴിമതിയുമാണ്. കോർപറേറ്റ് ചെങ്ങാത്തം മൂലം അന്ധമായിത്തീർന്ന ഇടതുപക്ഷ ഭരണകൂടത്തിന് മത്സ്യത്തൊഴിലാളികളേക്കാൾ ഇഷ്ടം അദാനിയടക്കമുള്ള കോർപറേറ്റുകളോടാണെന്ന് കഴിഞ്ഞ ഏഴു വര്ഷം കൊണ്ട് തെളിയിച്ചതാണ്. വംശീയ മുൻവിധിയോടെ മത്സ്യത്തൊഴിലാളി സമൂഹങ്ങളെ കാണുകയും അവരോട് അപരിഷ്കൃതരെന്ന രീതിയിൽ പെരുമാറുകയും ചെയ്യുന്ന സമീപനമാണ് ഭരണകൂടങ്ങൾ ഇക്കാലമത്രയും പുലർത്തുന്നത്.
സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ ഒന്നിപ്പ് കേരള പര്യടനത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടി പൊന്നാനി പാലപ്പെട്ടിയിൽ സംഘടിപ്പിച്ച തീരദേശ സംഗമത്തിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശത്തെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങൾ കൂട്ടായ ശ്രമങ്ങങ്ങളിലൂടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് വെൽഫെയർ പാർട്ടി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന വിവരങ്ങൾ അവർ ഉന്നയിക്കുകയും സംസ്ഥാന പ്രസിഡണ്ടിന് നിവേദനം സമർപ്പിക്കുകയും ചെയ്തു.
'ഒന്നിപ്പ്' പര്യടനം സെപ്റ്റംബർ 8,9.10,11 തീയതികളിലാണ് മലപ്പുറം ജില്ലയിലുണ്ടാവുക.
ഇന്ന് രാവിലെ സ്വതന്ത്ര സമര പോരാളികളായ ഉമർ ഖാളിയുടെയും സൈനുദ്ദീൻ മഖ്ദൂം എന്നിവരുടെ കുടുംബങ്ങൾ സന്ദർശിച്ചുകൊണ്ടാണ് മലപ്പുറം ജില്ലയിൽ തുടക്കം കുറിച്ചത്. നാല് ദിവസങ്ങളിലായി ജില്ലയിലെ സാമൂഹ്യ - സാംസ്കാരിക - കലാ - സാഹിത്യ മേഖലകളിലെ പ്രധാന വ്യക്തികൾ, വിവിധ മത - സമുദായ നേതാക്കൾ, ചിന്തകർ, വാണിജ്യ മേഖലകളിലെ വ്യക്തികൾ, മാധ്യമ പ്രവർത്തകർ , ആക്ടിവിസ്റ്റുകൾ, സിനിമാ പ്രവർത്തകർ തുടങ്ങിയവരെ അദ്ദേഹം സന്ദർശിക്കും.
സാമൂഹ്യനീതിയും സഹവർത്തിത്വവും ഉയർത്തിപ്പിടിക്കുന്ന വിവിധ പരിപാടികൾ പര്യടനത്തിന്റെ ഭാഗമായി ജില്ലയിൽ നടക്കും.
തീരദേശ സംഗമം ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന നേതാക്കളായ ഇ.സി. ആയിശ, മുഹമ്മദ് പൊന്നാനി,ഖാസിം ഐരൂർ, എന്നിവർ സംസാരിച്ചു.
അൻസാർ അബൂബക്കർ, സഫീർഷ, മുനീബ് കാരക്കുന്ന്, നസീറ ബാനു, അഷ്റഫലി കട്ടുപ്പാറ, ആരിഫ് ചുണ്ടയിൽ,നൗഷാദ് യാഹൂ, മജീദ് പലപ്പെട്ടി, ഖലീൽ പൊന്നാനി എന്നിവർ അനുഗമിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments