കൊളാടി ഗോവിന്ദൻകുട്ടി സ്‌മാരക സമഗ്ര സംഭാവനാ പുരസ്‌കാരം പ്രൊഫ. സാറാ ജോസഫ് ഏറ്റുവാങ്ങി
എരമംഗലം (മലപ്പുറം): കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന കൊളാടി ഗോവിന്ദൻകുട്ടിയുടെ സ്‌മരണയ്ക്കായി യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ സമഗ്ര സംഭാവനാ പുരസ്‌കാരം എഴുത്തുകാരി പ്രൊഫ. സാറാ ജോസഫ് ഏറ്റുവാങ്ങി. വന്നേരി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന കൊളാടി ഗോവിന്ദൻകുട്ടി ഇരുപതാം ചരമവാർഷികദിനത്തിൽ സി.പി.ഐ. പൊന്നാനി മണ്ഡലം കമ്മിറ്റി നടത്തിയ കൊളാടി ഗോവിന്ദൻകുട്ടി അനുസ്‌മരണ സമ്മേളനത്തിലാണ് സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദിൽനിന്ന് പുരസ്‌കാരം സാറാ ജോസഫ് ഏറ്റുവാങ്ങിയത്. ഫലകവും പ്രശസ്‌തിപത്രവും 15,000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. അനുസ്‌മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും മന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. വ്യത്യസ്‌ത മേഖലകളിൽ മികവു തെളിയിച്ച കൊളാടി ഗോവിന്ദൻകുട്ടിയുടെ ജീവിതം പൊതുപ്രവർത്തകർക്ക് എക്കാലവും മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ജനപ്രതിനിധിയും, രാഷ്ട്രീയ നേതാവും, അഭിഭാഷകനും, സാഹിത്യകാരനുമൊക്കെ ആയിരുന്ന കൊളാടി തന്റെ പ്രാഗത്ഭ്യം വ്യക്തി ജീവിതത്തിൽ അഹങ്കാരമായി കൊണ്ടുനടക്കാതെ സമൂഹത്തിൽ സാധാരണക്കാരനായി ജീവിക്കുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്‌ത വ്യക്തിയാണെന്നും, നിലവിൽ ഒരു പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടവർ പോലും അഹങ്കാരം കാണിക്കുമ്പോൾ സൗമ്യതയോടെ ജീവിതംനയിച്ചു മുന്നേനടന്നുപോയ മഹാനായിരുന്നു കൊളാടി ഗോവിന്ദൻകുട്ടിയെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ. ജില്ലാ സെക്രട്ടറി പി.കെ. കൃഷ്‌ണദാസ് അധ്യക്ഷത വഹിച്ചു. വന്നേരിനാടുമായും അവിടുത്തെ ജനങ്ങളുമായും ഇത്രെയേറെ സ്വാധീനിച്ച കൊളാടി ഗോവിന്ദൻകുട്ടിയുടെ സ്‌മരണയിൽ ഏർപ്പെടുത്തിയ ഈ പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് സാറാ ജോസഫ് പറഞ്ഞു. സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീർ അനുസ്‌മരണ പ്രഭാഷണവും കവി ആലങ്കോട് ലീലാകൃഷ്‌ണൻ മുഖ്യപ്രഭാഷണവും നടത്തി. യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ, കൊളാടി ഗോവിന്ദൻകുട്ടിയുടെ മകനും സി.പി.ഐ. നേതാവുമായ അജിത് കൊളാടി, പി. രാജൻ, കെ.കെ. വത്സരാജ്, ഷാജിറാ മനാഫ്, ഒ.എം. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments